അന്നൊരു ഞായറാഴ്ച ആയിരുന്നു, കുറച്ചു കാലം ആയി ഉള്ള ആഗ്രഹം ആണ് , കൊല്ലത്തൊരു കപ്പൽ വന്നിട്ടുണ്ടെന്നും അത് കാണാൻ പോവണം എന്ന് ഉള്ളത്. അങ്ങനെ പ്രേത്യേകിച്ചു പ്ലാനുകൾ ഒന്നും ഇല്ലാത്ത ഈ ഞായറാഴ്ച ഞാൻ ഈ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തു.
ഉച്ചയ്ക് 3 മണി, മടി മാറ്റിവച്ചു ഞാൻ കൊല്ലത്തേക്ക് ബസ് കയറി , കൂടെ നമ്മുടെ സ്വന്തം ക്യാമറയും. ബസ് കയറി കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തപ്പോളാണ് എവിടെ ഇറങ്ങും എന്ന ചോദ്യം എന്റെ മനസിലേക്ക് കടന്നു വന്നത്, കേരളത്തിന്റെ പടിഞ്ഞാറു മൊത്തം അറബി കടൽ അല്ലെ, അങ്ങനെ ഞാൻ ആദ്യം എന്റെ സംശയത്തിന്റെ ഭാണ്ഡം അടുത്തുള്ള ചേട്ടന്റെ മുന്നിൽ അഴിച്ചിട്ടു. ഒരു രക്ഷയും ഇല്ല , ഇനി ഗൂഗിൾ തന്നെ ശരണം, ഏകദേശം കൊല്ലം എത്താറായപ്പോ ഒരു പ്രതീക്ഷയും ഇല്ലാതെ ഞാൻ ഇറങ്ങി. അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ പോയി പറഞ്ഞു എനിക്ക് കപ്പലും കാണണം. 60 രൂപ ആവും, 60 അല്ല 600 ചോദിച്ചാലും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു (ആഗ്രഹം ഇമ്മിണി ഉണ്ടേ ) ഓട്ടോയിൽ ഇരുന്നപ്പോ തന്നെ ഓട്ടോക്കാരനോട് സംസാരിക്കാൻ തുടങ്ങി, ശരിക്കും ആൾപ്പാർപ്പില്ലാത്ത വഴിയിലൂടെയും തിരക്ക് പിടിച്ച ഇടുങ്ങിയ വഴികളും എന്റെ നാടിനെ ഓർമിപ്പിച്ചു. എത്താറായപ്പോ ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞു ഇവിടുന്നു ഇനി വേറെ ഓട്ടോ കിട്ടില്ല, വേണേൽ കാത്തിരിക്കാം എന്ന് അത് ശരിക്കും ഒരു സഹായം ആയിരുന്നു, 100 രൂപ ചേട്ടന്റെ കയ്യിൽ കൊടുത്തു ഞാൻ ബീച്ചിലേക്ക് ഇറങ്ങി, ഒത്തിരി ചിത്രങ്ങൾ എടുത്തു, ശരിക്കും മനസ് നിറഞ്ഞ പ്രതീതി.
സമയം തീരെ ഇല്ലാത്തതുകൊണ്ട് വേഗം തിരിച്ചു റോഡിലേക്ക് വന്നു, അപ്പോഴാണ് അമളി പറ്റിയത് മനസിലായത്, കപ്പല് കണ്ട തിരക്കിൽ ഓട്ടോ നമ്പർ പോലും ഞാൻ ശ്രെധിച്ചില്ല, അവിടെ അടുത്തൊന്നും ഒരു ഓട്ടോ കണ്ടും ഇല്ല, പണി പാളിയോ , അങ്ങേരു എന്റെ കാശും കൊണ്ട് മുങ്ങിയോ ? ..
ഇങ്ങനെ ഒക്കെ ആലോചിച്ചു നടക്കാൻ ഒരുങ്ങുമ്പോൾ അതാ ഒരു ഓട്ടോ വരുന്നു നമ്മുടെ നേരത്തെ ഉള്ള ചേട്ടൻ തന്നെ, ഏതോ ഫ്രണ്ട് നെ കാണാൻ പോയതാ പോലും, നമ്മൾ വീണ്ടും വിശേഷം പറഞ്ഞു എന്നെ കൊല്ലം ബീച്ചിൽ ഇറക്കി ബസ് കയറാൻ ഉള്ള വഴിയും പറഞ്ഞു തന്നു. പിന്നെ കൊല്ലത്തിന്റെ സ്വന്തം ബീച്ചിലേക്ക് ഞാൻ നടന്നിറങ്ങി, പട്ടം പരത്തുന്ന കുട്ടികൾ കടലിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യൻ ( ഒരു 100 വട്ടം കണ്ടിട്ടും അത് എനിക്ക് ഒരു പുതുമയുള്ള കാഴ്ചയായിരുന്നു) കുറെ ഉഷമളമായ ബന്ധങ്ങൾ , ഭക്ഷണത്തിനായി അലയുന്നവർ, പുതിയ ഭക്ഷണങ്ങളുമായി ആൾക്കാരെ ആകർഷിക്കാൻ നിൽക്കുന്നവർ അങ്ങനെ ഈ ലിസ്റ്റ് നീണ്ടു നീണ്ടു പോവും. എന്നെ ഒത്തിരി ആകർഷിച്ചത് ഒരു കോഴിക്കോട്ടുകാരന്റെ സര്ബത് കടയാണ് അവിടെ നിന്നും ഒരു കുലുക്കി സര്ബത് കുടിച്ചു സൺ സെറ്റ് കണ്ടു ഒത്തിരി ഓർമകളും അനുഭവങ്ങളുമായി ആദ്യമായി കപ്പല് കണ്ട ഞാൻ തിരിച്ചു തിരുവനന്തപുരത്തേക്ക് വണ്ടി കേറി.
No comments:
Post a Comment